സന്താറ - ആഹാരം വെടിഞ്ഞുളള മരണ പ്രതിജ്ഞ!
ഇന്ത്യയില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് നിരാഹാരമനുഷ്ഠിച്ച് മരണത്തെ പുല്കുന്നവര്. ജൈന മതത്തിലെ 'സന്താറ' അഥവാ 'സല്ലേഖനം' എന്ന ആചാരം മരണത്തെ സന്തോഷത്തോടെ വരിക്കലാണ്!
പ്രായമുളളവരും രോഗികളും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നവരുമാണ് സന്താറ എന്ന നിരാഹാരമനുഷ്ഠിച്ച് മരണത്തെ സന്തോഷത്തോടെ എതിരേല്ക്കുന്നത്. അതേസമയം സന്താറ അനുഷ്ഠിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് എന്നുളള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ലൗകിക സുഖങ്ങളെല്ലാം വിസ്മരിച്ച് ഈശ്വര നാമം ജപിച്ചാണ് മരണത്തിലേക്കുളള യാത്ര നടത്തുന്നത്. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കില്‍ സന്താറ അനുഷ്ഠിക്കുന്നവര്‍ അതവസാനിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങണം. സന്താറയില് പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാര്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. ഇവരെ സന്ദര്‍ശിക്കുന്നതും അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.
സന്താറയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട നിരാഹാരം 87 ദിവസത്തെയാണ്. രാജസ്ഥാനില്‍ നിന്നുളള ചരണ്‍ എന്ന 60 വയസ്സുളള സാധ്വിയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ സന്താറ അനുഷ്ഠിച്ചത്. ഇവരുടെ മരണം ആഘോഷിക്കാന്‍ ഇരുപതിനായിരത്തോളം വിശ്വാസികളാണ് എത്തിയത്.
അതേസമയം, സന്താറ ആത്മഹത്യയാണെന്ന വിമര്‍ശനവും അടുത്തകാലത്തായി ഉയരുന്നുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരം വിവാദമാക്കുന്നതിനോ കൈവിടുന്നതിനോ ജൈനര്‍ ഒരുക്കമല്ല എന്നതാണ് വാസ്തവം.
No comments:
Post a Comment