Sunday, 7 December 2014

തിരുവനന്തപുരം: ഇ-ഗവേണണന്‍സ് സൗകര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും ആധുനികമാക്കാനുമായി സംസ്ഥാന ഡാറ്റാ സെന്റര്‍-2 പുതിയ സാങ്കേതികതയായ ക്ലൗഡ് സംവിധാനത്തിലേക്ക് മാറുന്നു. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന പദ്ധതി, ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്. 1.5 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. 'സിഫി' എന്ന കമ്പനിയാണ് കേരളത്തില്‍ ക്ലൗഡ് സംവിധാനത്തിലേക്കുള്ള മാറ്റം സജ്ജമാക്കുന്നത്. ഇതിനായി സിഫിയുമായി ധാരണയിലെത്തിക്കഴിഞ്ഞു. അടുത്തയാഴ്ച തന്നെ ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടേക്കും. മൂന്നു മാസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഡാറ്റാസെന്റര്‍ ക്ലൗഡ് സംവിധാനത്തിലേക്ക് മാറും.

കേരളം ക്ലൗഡിലേക്ക് മാറുമ്പോള്‍ ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യവികസനം കൂടി കണക്കിലെടുത്താണ് മാറ്റത്തിനൊരുങ്ങുന്നത്. നിലവില്‍ 1.35 കോടി രൂപ ചെലവാണ് ഇതിനായി കണക്കാക്കുന്നത്. ഭാവിയില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാകത്തിലാണ് ഇപ്പോള്‍ സംവിധാനം ഒരുക്കുന്നത്. അതിനായുള്ള പണം പിന്നീട് കണ്ടെത്തണം. ഡാറ്റാ സെന്റര്‍-2 ക്ലൗഡിലേക്ക് മാറുന്നതോടെ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും വലിയ നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

സര്‍ക്കാര്‍ തലത്തില്‍ ഒരോ വകുപ്പുകള്‍ക്കും പ്രത്യേകം സെര്‍വറുകള്‍ വാങ്ങേണ്ടി വരുന്ന ചെലവ് ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. വിവരങ്ങള്‍ പങ്കുെവയ്ക്കുന്ന പ്രക്രിയ എളുപ്പമാകുന്നതിനൊപ്പം തന്നെ വിവിധ ഉഭോക്താക്കള്‍ക്ക് പുതിയ സേവനങ്ങള്‍ നല്‍കുന്നതും എളുപ്പമാകും. അതുപോലെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും അവയുടെ മാനേജ്‌മെന്റും ക്ലൗഡ് സംവിധാനത്തില്‍ കൂടുതല്‍ എളുപ്പമാകും. ഇ സംവിധാനത്തിനുകീഴില്‍ വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും കേന്ദ്രീകൃതമായ സംവിധാനത്തില്‍ നിരീക്ഷിക്കാനുമാകും. മനുഷ്യാധ്വാനശേഷി കുറയ്ക്കാനാകുമെന്ന പ്രത്യേകതയും ക്ലൗഡിലേക്ക് മാറുന്നതിലൂടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കാകട്ടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏതു പ്ലാറ്റ്‌ഫോമും ഏത് പതിപ്പും ഉപയോഗിച്ചും ചെയ്യാനാകും. ഒരു പതിപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനോ അത് മെച്ചപ്പെടുത്തുന്നതിനോ സാധിക്കും. വിവരങ്ങളെടുക്കുന്നത് ഏളുപ്പമാവുകയും ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് സ്റ്റേറ്റ് ഡാറ്റ സെന്ററും ക്ലൗഡിലേക്ക് നീങ്ങുന്നത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റം കൂടി വരുത്തിയാണ് ഇത് സാധ്യമാക്കുന്നതെന്നും സംസ്ഥാന ഐ.ടി മിഷന്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment